Joy Vazhayil
(ജോയ് വാഴയിൽ)
എറണാകുളം ജില്ലയിൽ കിങ്ങിണിമറ്റത്തു വി.വി.പത്രോസിന്റെയും ഏലിയാമ്മയുടെയും
മകനായി ജനനം.
മലയാളത്തിൽ കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പ്രസിദ്ധീകരിച്ചു. മണൽവരകൾ, നിമിഷജാലകം, രാമാനുതാപം, നിലാനിർഝരി, ശലഭയാനം, മാതൃവിലാപം, മലയാളഗസൽ, നക്ഷത്രരാഗം, ഋതുഭേദങ്ങൾ, വീണക്കമ്പികൾ എന്നിവയാണ് കാവ്യങ്ങൾ. കൂടാതെ ബന്ധനസ്ഥനായ ന്യായാധിപൻ എന്ന നോവലും താവോയിസത്തിന്റെ ജ്ഞാനപ്പാന, പ്രവാചകൻ, വെങ്കലരൂപിയായ അശ്വാരൂഢൻ എന്നീ വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ Limits and Limitations of the Human Mind, Reflections on the Philosophy of Education, Facets of Freedom-A Moral and Political Analysis എന്നീ കൃതികളും അന്താരാഷ്ട്രജേർണലുകളിൽ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അക്ഷയ സാഹിത്യപുരസ്കാരം, എസ്.കെ പൊറ്റെക്കാട് അവാർഡ്, പഴശ്ശിരാജ സാഹിത്യപ്രതിഭ പുരസ്കാരം എന്നിവയും ഗവേഷണപ്രബന്ധത്തിന് ലിറ്റററ്റി നെറ്റ് വർക്ക് എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.
കിങ്ങിണിമറ്റത്തും പൂത്തൃക്കയിലും സ്കൂളുകളിൽ വിദ്യാഭ്യാസം ആരംഭിച്ച ജോയ് വാഴയിൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 1985-ൽ ബിരുദമെടുത്തു. ഇംഗ്ളണ്ടിലെ ബർമിംഗ്ഹാം സർവ്വകലാശാലയിൽനിന്നും എം.ബി.എ., ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷനിൽനിന്നും എം.ഫിൽ., ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നും പിഎച്ച്. ഡി. എന്നീ ബിരുദങ്ങളുമുണ്ട്. 1987-ൽ ഐ.എ.എസ്സിൽ ചേർന്ന് കേന്ദ്രസംസ്ഥാനസർക്കാരുകളിൽ വിവിധനിലകളിൽ പ്രവർത്തിച്ചുവരുന്നു.